Month: ഫെബ്രുവരി 2023

യേശുവിനെ കാണുന്നു

നാല് മാസം പ്രായമുള്ള ലിയോ തന്റെ മാതാപിതാക്കളെ കണ്ടിട്ടില്ല. കാഴ്ച മങ്ങിക്കുന്ന ഒരു അപൂർവ അവസ്ഥയുമായാണ് അവൻ ജനിച്ചത്. ഇടതൂർന്ന മൂടൽമഞ്ഞിൽ ജീവിക്കുന്നതുപോലെയായിരുന്നു അവന്റെ അവസ്ഥ. അതിനാൽ നേത്രരോഗവിദഗ്ദ്ധർ അവനായി ഒരു പ്രത്യേക കണ്ണട ഉണ്ടാക്കി നൽകി.

അമ്മ ആദ്യമായി പുതിയ കണ്ണട അവന്റെ കണ്ണുകളിൽ വയ്ക്കുന്നതിന്റെ വീഡിയോ ലിയോയുടെ പിതാവ് പോസ്റ്റ് ചെയ്തു. ലിയോയുടെ കണ്ണുകൾ പതുക്കെ ഫോക്കസ് ചെയ്യുന്നത് നമ്മൾ കാണുന്നു. തന്റെ അമ്മയെ ആദ്യമായി കാണുമ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അത് അമൂല്യമായിരുന്നു. ആ നിമിഷം, ചെറിയ ലിയോയ്ക്ക് അവന്റെ അമ്മയെ വ്യക്തമായി കാണാൻ കഴിഞ്ഞു.

യേശു തന്റെ ശിഷ്യന്മാരുമായി നടത്തിയ സംഭാഷണം യോഹന്നാൻ റിപ്പോർട്ട് ചെയ്യുന്നു. ഫിലിപ്പോസ് അവനോട് ചോദിച്ചു, "പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണമേ" (യോഹന്നാൻ 14:8). ഇത്രയും കാലം ഒരുമിച്ച് കഴിഞ്ഞിട്ടും യേശുവിന്റെ ശിഷ്യന്മാർക്ക് തങ്ങളുടെ മുന്നിൽ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവൻ മറുപടി പറഞ്ഞു: ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? (വാ. 10). "ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു" (വാ. 6) എന്ന് നേരത്തെ യേശു പറഞ്ഞിരുന്നു. യേശുവിന്റെ ഏഴ് "ഞാൻ ആകുന്നു" എന്ന പ്രസ്താവനകളിൽ ആറാമത്തേതാണ് ഇത്. ഈ ലെൻസുകളിലൂടെ അവനെ നോക്കാനും അവൻ യഥാർത്ഥത്തിൽ ആരാണെന്ന് - ദൈവം തന്നെ എന്ന് കാണാനും അവൻ നമ്മോട് പറയുന്നു.

നമ്മൾ ഈ ശിഷ്യന്മാരെപ്പോലെയാണ്. പ്രയാസകരമായ സമയങ്ങളിൽ, നമ്മൾ ബുദ്ധിമുട്ടുകയും നമ്മുടെ കാഴ്ച മങ്ങുകയും ചെയ്യുന്നു. ദൈവം ചെയ്തതും ചെയ്യാൻ കഴിയുന്നതുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നാം പരാജയപ്പെടുന്നു. ചെറിയ ലിയോ പ്രത്യേക കണ്ണട ധരിച്ചപ്പോൾ, മാതാപിതാക്കളെ വ്യക്തമായി കണ്ടു. യേശു യഥാർത്ഥത്തിൽ ആരാണെന്ന് വ്യക്തമായി കാണുന്നതിന് ഒരുപക്ഷേ നാം നമ്മുടെ ദൈവത്തിന്റെ കണ്ണട ധരിക്കേണ്ടതുണ്ട്.

ദൈവത്തിന്റെ കരങ്ങൾ തുറന്നിരിക്കുന്നു

ഞാൻ എന്റെ മൊബൈൽ ഫോണിലേക്ക് മുഖം ചുളിച്ച് നെടുവീർപ്പിട്ടു. ആശങ്ക എന്റെ നെറ്റിയിൽ ചുളിവുകളുണ്ടാക്കി. എനിക്കും എന്റെ സുഹൃത്തിനും ഞങ്ങളുടെ കുട്ടികളുമായുള്ള ഒരു പ്രശ്‌നത്തിൽ ഗുരുതരമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു, ഞാൻ അവളെ വിളിച്ച് ക്ഷമ ചോദിക്കണമെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങളുടെ കാഴ്ചപ്പാടുകൾ ഇപ്പോഴും വൈരുദ്ധ്യത്തിലായതിനാൽ ഞാൻ അത് ചെയ്യാൻ ആഗ്രഹിച്ചില്ല എങ്കിലും, ഞങ്ങൾ വിഷയം ചർച്ച ചെയ്ത അവസാന തവണ ഞാൻ ദയയോ വിനയമോ കാണിച്ചില്ലെന്ന് എനിക്കറിയാം.

അവളുടെ ഫോൺ കോൾ പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ ഞാൻ ഭയന്നു, അവൾ എന്നോട് ക്ഷമിച്ചില്ലെങ്കിലോ? ഞങ്ങളുടെ സൗഹൃദം തുടരാൻ അവൾ ആഗ്രഹിക്കുന്നില്ലെങ്കിൽ എന്തുചെയ്യും? അപ്പോഴാണ്, ഒരു പാട്ടിന്റെ വരികൾ മനസ്സിലേക്ക് വന്നത്. ആ സാഹചര്യത്തിൽ ഞാൻ എന്റെ പാപം ദൈവത്തോട് ഏറ്റുപറയുന്ന   അവസ്ഥയിലേക്ക് അത് എന്നെ തിരികെ കൊണ്ടുപോയി. ദൈവം എന്നോട് ക്ഷമിക്കുകയും കുറ്റബോധത്തിൽ നിന്ന് എന്നെ മോചിപ്പിക്കുകയും ചെയ്തുവെന്ന് എനിക്ക് ബോധ്യമായതിനാൽ എനിക്ക് ആശ്വാസം തോന്നി.

ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ആളുകൾ നമ്മോട് എങ്ങനെ പ്രതികരിക്കുമെന്ന് നമ്മൾക്ക് അറിയാൻ കഴിയില്ല. നമ്മുടെ ഭാഗത്തുള്ള തെറ്റ് മനസ്സിലാക്കി, താഴ്മയോടെ ക്ഷമ ചോദിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമ്പോൾ, നമ്മൾ ദൈവത്തെ ആ പ്രശ്നം കൈകാര്യം ചെയ്യാൻ അനുവദിക്കുകയാണ്. പരിഹരിക്കപ്പെടാത്ത "ബന്ധങ്ങളുടെ" വേദന സഹിക്കേണ്ടിവന്നാലും, അവനുമായുള്ള സമാധാനം എപ്പോഴും സാധ്യമാണ്. ദൈവത്തിന്റെ കരങ്ങൾ തുറന്നിരിക്കുന്നു, നമുക്കാവശ്യമായ കൃപയും കരുണയും കാണിക്കാൻ അവൻ കാത്തിരിക്കുകയാണ്." നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു" (1 യോഹന്നാൻ 1:9).

നല്ല ഇടയൻ

തന്റെ സഭയിലെ ഒരാൾ തന്റെ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചുവെന്ന് കേട്ടപ്പോൾ, ആകസ്മികമായി ആ മനുഷ്യനെ കണ്ടുമുട്ടാനും അവനോട് സംസാരിക്കുവാനും ഇടയാകണമെന്ന് പാസ്റ്റർ വാറൻ ദൈവത്തോട് പ്രാർത്ഥിച്ചു. അതുപോലെതന്നെ അത് സംഭവിച്ചു! ഒരിക്കൽ വാറൻ ഒരു റെസ്റ്റോറന്റിലേക്ക് കയറിയപ്പോൾ, അടുത്തുള്ള മേശയിൽ ആ മനുഷ്യനെ കണ്ടു. "വിശക്കുന്ന ഒരാൾക്ക് കുറച്ച് സ്ഥലമുണ്ടോ?" അവൻ ചോദിച്ചു, താമസിയാതെ അവർ മനസ്സ് ആഴത്തിൽ പങ്കിടുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

ഒരു പാസ്റ്റർ എന്ന നിലയിൽ, വാറൻ തന്റെ സഭാ സമൂഹത്തിലുള്ളവർക്ക് ഇടയനായി പ്രവർത്തിക്കുകയായിരുന്നു; ദൈവം തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുമെന്ന് പ്രവാചകനായ യെഹെസ്കേൽ മുഖേന പറഞ്ഞതുപോലെ. ചിതറിപ്പോയ തന്റെ ആടുകളെ പരിപാലിക്കുമെന്നും അവയെ രക്ഷിച്ച് ഒരുമിച്ചുകൂട്ടുമെന്നും ദൈവം വാഗ്ദാനം ചെയ്തു (യെഹെസ്കേൽ 34:12-13). “നല്ല മേച്ചൽപ്പുറത്തു ഞാൻ അവയെ മേയിക്കും... കാണാതെ പോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും" (വാ.14-16). തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹം ഈ ഓരോ ചിത്രങ്ങളിലൂടെയും പ്രതിഫലിക്കുന്നു. യെഹെസ്‌കേലിന്റെ വാക്കുകൾ ദൈവത്തിന്റെ ഭാവി പ്രവർത്തനങ്ങളെ മുൻകൂട്ടിക്കാണുന്നുണ്ടെങ്കിലും, യേശുവിൽ തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തിന്റെയും ഇടയന്റെയും നിത്യഹൃദയത്തെ അവ പ്രതിഫലിപ്പിക്കുന്നു.

നമ്മുടെ സാഹചര്യം എന്തുതന്നെയായാലും, ദൈവം നമ്മിൽ ഓരോരുത്തരിലേക്കും എത്തുന്നു, നമ്മെ രക്ഷിക്കാനും സമൃദ്ധമായ മേച്ചിൽപ്പുറങ്ങളിൽ അഭയം നൽകാനും ശ്രമിക്കുന്നു. തന്റെ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്ന നല്ല ഇടയനെ നാം അനുഗമിക്കുവാൻ അവൻ ആഗ്രഹിക്കുന്നു (യോഹന്നാൻ 10:14-15 കാണുക).

ഏകാന്ത മനുഷ്യൻ

1969 ജൂലൈ 20 ന്, നീൽ ആംസ്ട്രോങ്ങും ബ്യൂസ് ആൽഡ്രിനും അവരുടെ ചാന്ദ്ര ലാൻഡിംഗ് മൊഡ്യൂളിൽ നിന്ന് പുറത്തുകടന്ന് ചന്ദ്രന്റെ ഉപരിതലത്തിൽ നടന്ന ആദ്യത്തെ മനുഷ്യരായി. എന്നാൽ അപ്പോളോ 11-ന്റെ കമാൻഡ് മോഡ്യൂൾ പറത്തുന്ന അവരുടെ ടീമിലെ മൂന്നാമത്തെ വ്യക്തിയായ മൈക്കൽ കോളിൻസിനെ കുറിച്ച് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല.

ചന്ദ്രോപരിതലം പരിശോധിക്കുന്നതിനായി ടീമംഗങ്ങൾ ഗോവണിയിലൂടെ ഇറങ്ങിയ ശേഷം, കോളിൻസ് ചന്ദ്രന്റെ അങ്ങേയറ്റത്ത് ഒറ്റയ്ക്ക് കാത്തുനിന്നു. നീൽ, ബ്യൂസ് എന്നിവരുമായി മാത്രമല്ല, ഭൂമിയിലെ എല്ലാവരുമായും അവന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടു. നാസയുടെ മിഷൻ കൺട്രോൾ അഭിപ്രായപ്പെട്ടു, “ആദാമിന് ശേഷം, മൈക്ക് കോളിൻസിനെപ്പോലെ ഒരു മനുഷ്യനും ഏകാന്തത ഉണ്ടായിട്ടില്ല.” 

നമ്മൾ പൂർണ്ണമായും ഒറ്റയ്ക്കാണെന്ന് തോന്നുന്ന സമയങ്ങളുണ്ട്. ഉദാഹരണത്തിന്, യാക്കോബിന്റെ മകനായ ജോസഫിനെ തന്റെ സഹോദരന്മാർ വിറ്റശേഷം ഇസ്രായേലിൽ നിന്ന് ഈജിപ്തിലേക്ക് കൊണ്ടുപോകുമ്പോൾ അവന് എങ്ങനെ തോന്നി എന്ന് സങ്കൽപ്പിക്കുക (ഉല്പത്തി 37:23-28). വ്യാജകുറ്റാരോപണം നടത്തി അവനെ കാരാഗൃഹത്തിൽ അടയ്ക്കുക വഴി അവൻ കൂടുതൽ ഒറ്റപ്പെടലിലേക്ക് തള്ളപ്പെട്ടു (39:19-20).

അടുത്തെങ്ങും കുടുംബമില്ലാത്ത ഒരു വിദേശനാട്ടിലെ ജയിലിൽ ജോസഫ് അത് എങ്ങനെ അതിജീവിച്ചു? ഇത് ശ്രദ്ധിക്കുക: "എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു" (വാ. 21). ഉല്പത്തി 39-ലെ ആശ്വാസദായകമായ ഈ സത്യം നാല് തവണ നമ്മെ ഓർമ്മിപ്പിക്കുന്നു.

നിങ്ങൾ ഒറ്റയ്ക്കാണോ, അതോ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടതായി തോന്നുന്നുണ്ടോ? "ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്" (മത്തായി 28:20). നിങ്ങളുടെ രക്ഷകനായ യേശുവിനൊപ്പം, നിങ്ങൾ ഒരിക്കലും തനിച്ചല്ല.

എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ

പള്ളിയിലെ ആരാധനാ സംഘം "എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ" എന്ന പാട്ട് പാടാൻ തുടങ്ങിയപ്പോൾ ഞാൻ ആ സ്ത്രീയുടെ പുറകിലെ കസേരയിൽ ഇരുന്നു. ആ സ്ത്രീയുടെ മധുരസ്വരം എന്റേതുമായി ഇണങ്ങിച്ചേർന്നപ്പോൾ, ഞാൻ കൈകൾ ഉയർത്തി ദൈവത്തെ സ്തുതിച്ചു. പിന്നീട് അവളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ, അവളുടെ വരാനിരിക്കുന്ന കാൻസർ ചികിത്സകളിൽ ഒരുമിച്ച് പ്രാർത്ഥിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

കുറച്ച് മാസങ്ങൾക്ക് ശേഷം, ലൂയിസ് എന്നോട് പറഞ്ഞു, അവൾ മരിക്കുമെന്ന് ഭയപ്പെടുന്നു. അവളുടെ ആശുപത്രി കിടക്കയിൽ ചാരികൊണ്ട് ഞാൻ അവളുടെ തലയുടെ അരികിൽ തലചായ്ച്ച് ഒരു പ്രാർത്ഥന മന്ത്രിച്ചു, നിശബ്ദമായി ഒരു പാട്ട് പാടി. ഏതാനും ദിവസങ്ങൾക്കുശേഷം ലൂയിസ് യേശുവിനെ മുഖാമുഖം ആരാധിക്കുമ്പോൾ അത് എങ്ങനെയായിരിക്കുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ.

മരണത്തെ അഭിമുഖീകരിക്കുന്ന തന്റെ വായനക്കാർക്ക് അപ്പോസ്തലനായ പൗലോസ് ആശ്വാസകരമായ ഉറപ്പ് നൽകി (2 കൊരിന്ത്യർ 5:1). നിത്യതയുടെ ഇപ്പുറത്ത് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഞരക്കത്തിന് കാരണമായേക്കാം, എന്നാൽ നമ്മുടെ പ്രത്യാശ നമ്മുടെ സ്വർഗ്ഗീയ വാസസ്ഥലത്ത് നങ്കൂരമിട്ടിരിക്കുന്നു. അത് യേശുവിനൊപ്പമുള്ള നമ്മുടെ നിത്യമായ വാസത്തെ കാംക്ഷിക്കുന്നു (വാ. 2-4). അവനോടൊപ്പമുള്ള നിത്യജീവിതത്തിനായിട്ടാണ് ദൈവം നമ്മെ രൂപകല്പന ചെയ്തതിരിക്കുന്നെങ്കിലും (വാ. 5-6), അവന്റെ വാഗ്ദാനങ്ങൾ, നാം ഇപ്പോൾ അവനുവേണ്ടി ജീവിക്കുന്ന രീതിയെും സ്വാധീനിക്കുന്നതാണ് (വാ. 7-10). 

യേശുവിനെ പ്രസാദിപ്പിക്കുന്നവരായി നാം ജീവിക്കുമ്പോൾ, അവൻ മടങ്ങിവരുന്നതിനോ നമ്മെ അവന്റെ ഭവനത്തിലേക്ക് വിളിക്കുന്നതിനോ നാം കാത്തിരിക്കുമ്പോൾ, അവന്റെ നിരന്തരമായ സാന്നിധ്യത്തിന്റെ സമാധാനത്തിൽ നമുക്ക് സന്തോഷിക്കാം. നമ്മുടെ ഭൗമിക ശരീരങ്ങൾ ഉപേക്ഷിച്ച് നിത്യതയിൽ യേശുവിനോട് ചേരുന്ന നിമിഷം നമുക്ക് എന്ത് അനുഭവപ്പെടും? നമുക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ!